പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ വൈസ്‌പ്രസിഡന്റായി മോഴിക്കൽ സുബൈദ തെരഞ്ഞെടുക്കപ്പെട്ടു. വൈസ്‌പ്രസിഡന്റായിരുന്ന വെട്ടശ്ശേരി മറിയുമ്മ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്. നിയുക്ത വൈസ്‌പ്രസിഡന്റിന് 12 വോട്ടുകൾ ലഭിച്ചപ്പോൾ എതിർ സ്ഥാനാർത്ഥിയായ ഷമീന സാദിഖിന് മൂന്ന് വോട്ടുകളാണു ലഭിച്ചത്. ഒന്നാം വാർഡായ വള്ളുവമ്പ്രത്തു നിന്ന് വിജയിച്ച സുബൈദ ആദ്യമായാണു പഞ്ചായത്തു ഭരണസമിതിയിലെത്തുന്നത്.

 
   ആകെ 19 വാർഡുകളാണ് പൂക്കോട്ടൂർ പഞ്ചായത്തിനുള്ളത്. മുൻവൈസ്പ്രസിഡന്റ് രാജിവച്ച് ഒഴിവിലേക്ക് തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. അവശേഷിക്കുന്ന അംഗങ്ങളിൽ ഭരണകക്ഷിയായ യു. ഡി. എഫിന് 15 അംഗങ്ങളാണ് ഉള്ളത്. കോൺഗ്രസ്, ഐ. എൻ. എൽ. എന്നിവർ ഓരോ സീറ്റ് പങ്കിട്ടപ്പോൾ ബാക്കിയുള്ള സീറ്റുകൾ മുസ്ലിം ലീഗ് കേരളാ സ്റ്റേറ്റ് കമ്മിറ്റി (MLKSC) നേടിയിരുന്നു. ജനതാദൾ രണ്ട്, സി.പി.എം. ഒന്ന് എന്നിങ്ങനെയാണ് മൂന്നംഗ പ്രതിപക്ഷ അംഗങ്ങൾ. ഐ.എൻ.എല്ലിലെ ജബ്ബാർ ഹാജിക്ക് വിദേശത്തായതിനാൽ വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. യു.ഡി.എഫിലെ സുമയ്യ ഖദീജ എന്നിവരും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. റിട്ടേണിംഗ് ഓഫീസറായി ഓഡിറ്റ് വിഭാഗം സഹകരണ അസിസ്റ്റന്റ് ഓഫീസർ മുഹമ്മദ് ഹുസൈൻ സ്ഥാനത്തുണ്ടായിരുന്നു.

   അതിനിടെ ഭരണകാര്യങ്ങളിൽ കൃത്യത പാലിച്ചിരുന്ന മുൻ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് മറിയുമ്മയുടെ അഴിമതിക്കു കൂട്ടുനിൽക്കാത്ത പ്രവൃത്തിയാണ് അവരുടെ രാജിക്കു മൂലകാരണമായി ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. മുൻപ് അവർ പഞ്ചായത്തു പ്രസിഡന്റായിരുന്നപ്പോഴും കാലാവധി തികക്കാൻ ഭരണസമിതിയിലെ ഒരു വിഭാഗം അനുവദിച്ചിരുന്നില്ല. പാർട്ടി നേതൃത്വവുമായി ഇടഞ്ഞ് പാർട്ടിവിരുദ്ധനായി മത്സരിച്ചു ജയിച്ച മെമ്പറുടെ ഒത്താശയോടെ യു.ഡി.എഫിലെ ഒരു വിഭാഗം നടത്തിയ പൊറാട്ട് നാടകത്തിന്റെ ഇരയാവുകയായിരുന്നു വെട്ടശ്ശേരി മറിയുമ്മയെന്നാണ് ആരോപണം. പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ പാർട്ടിയ്ക്കു വിരുദ്ധനായി മത്സരിച്ചു ജയിച്ചയാളെ കൂടെക്കൂട്ടിയതുവഴി അണികളെ വഞ്ചിയ്ക്കുന്ന അധികാരമോഹികളുടെ അഴിമതിക്കൊതി തോലുപൊളിച്ചു പുറത്തു വന്നിരിക്കുകയാണെന്ന് അവർ ആരോപിക്കുന്നു.

   പഞ്ചായത്തിലെ ഗുണഭോക്താക്കൾക്കു വിതരണം ചെയ്ത സഹായധനങ്ങളിൽ നിന്ന് നല്ലൊരുഭാഗം വെട്ടിവിഴുങ്ങിയതായി വിവരാവകാശ നിയപ്രകാരം പുറത്തുവന്ന പഞ്ചാത്തു രേഖകളിൽ പറയുന്നുണ്ട്. 9500 രൂപ ധനസഹായം നൽകാൻ തീരുമാനമെടുത്ത കേസുകളിൽ 5000 മാത്രമാണു ഗുണഭോക്താക്കൾക്കു ലഭ്യമായക്കിയത്. 4500 രൂപ പോയവഴി ഏതെന്ന് കണ്ടെത്തേണ്ടതുണ്ട്. ലക്ഷക്കണക്കിനു രൂപയാണ് ഇങ്ങനെ അഴിമതി നടത്തി കൊള്ളയടിച്ചതെന്നു കണക്കുകൾ വ്യക്തമാക്കുന്നു. വിവരാവകാശ നിയമപ്രകാരം ലഭ്യമായതിൽ 2007-2008 സാമ്പത്തിക വർഷത്തെ കണക്കുകൾ ഒന്നും തന്നെ കൃത്യതയുള്ളതായി കാണാനാകുന്നില്ല. ഗുണഭോക്താക്കളുടെ പേരുവിവരങ്ങളും മേൽവിലാസവും കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ഇതിന്റെ യഥാർത്ഥ വിവരങ്ങൾ പുറത്തുകൊണ്ടു വരുമെന്നും അഴിമതി നടത്താൻ അനിവദിക്കില്ലെന്നും അഴിമതിക്കാരായ ഇക്കൂട്ടർക്കെതിരേ ശക്തമായ ബഹുജനമുന്നേറ്റം സൃഷ്ടിക്കുമെന്നും അവർ പറയുന്നു.

   പഞ്ചായത്തിൽ ഒരു വിഭാഗത്തിന്റെ റബ്ബർസ്റ്റാമ്പായി മാത്രം പ്രവർത്തിക്കാൻ താൽപ്പര്യമില്ലാത്തതു കൊണ്ടാണു രാജിവക്കുന്നതെന്നാണ് മറിയുമ്മ മലപ്പുറത്തു വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചത്. ജനപക്ഷത്തു നിൽക്കാൻ അധികാരം തടസ്സമാകാൻ പാടില്ല. സാധാരണക്കാരായ ജനങ്ങളുടെ സഹായിയായി അരരുടെ ഉന്നമനത്തിനു വേണ്ടിമാത്രമാണ് ഇതുവരെ പ്രവർത്തിച്ചിട്ടുള്ളത്. ഇനിയും അങ്ങനെതന്നെയാണ് ആഗ്രഹമെന്നും അതിനായി തുടർന്നും തന്റെ നാട്ടുകാരുടെ പിന്തുണ ആവശ്യമുണ്ടെന്നും അവർ പറഞ്ഞു.

  പഞ്ചായത്തിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും ലീഗൽ സർവ്വീസ് വോളന്റിയറും വിവരാവകാശ പ്രവർത്തകനുമായ സലീം കൊടക്കാടന്റെ സാന്നിദ്ധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എ. സലാം മോഴിക്കൽ സുബൈദക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വികസന- ആരോഗ്യ- ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ. അസീസ്, എം. മുഹമ്മദ്, എ. സക്കീന, ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് കെ.പി. സുഹറ, കെ. മൻസൂർ, നാലകത്ത് അസൈൻ, സലീന, ടി.വി. ഇസ്മയിൽ, വി. വിജയൻ, ഷമീന സാദിഖ്, വേലായുധൻ പൂക്കോടൻ, വട്ടോളി ഹംസ, കൊടക്കാടൻ ഉസ്മാൻ എന്നിവർ സംസാരിക്കാൻ എത്തിയ ചടങ്ങിന് സെക്രട്ടറി മുഹമ്മദ് ബഷീർ നന്ദി പറഞ്ഞു.


ഭരിക്കപ്പെടുന്ന ജനത്തോട് സമാധാനം പറയാന്‍ ബാധ്യതപ്പെട്ടതും, പൊതുസ്ഥാപനങ്ങളിലെ അഴിമതി തടയാനും സുതാര്യത ഉറപ്പുവരുത്താനും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ് വിവരാവകാശ നിയമം - 2005”

ഈ നിയമം എങ്ങനെ പ്രവര്‍ത്തിക്കുന്നു

കോടതികള്‍, കമ്മീഷനുകള്‍, ട്രിബ്യൂണലുകള്‍ തുടങ്ങിയവ പോലെ പ്രത്യക്ഷത്തില്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ നിയമത്തിനോ ഇതിലെ ഉത്തരവാദപ്പെട്ട സ്ഥാപനത്തിനോ കഴിയുകയില്ല. എന്നാല്‍ നിയമപരമായ ചുമതലകള്‍ ചെയ്യേണ്ട ഉദ്യോഗസ്ഥരെക്കൊണ്ട് ആ ചുമതല നിര്‍വ്വഹിപ്പിക്കലാണ് ഈ നിയമം കൊണ്ട് സാധിക്കുന്നത്.

വിവരാവകാശ നിയമപ്രകാരം കേരളത്തില്‍ ഇതുവരെ ശിക്ഷിക്കപ്പെട്ടവര്‍

ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി, തദ്ദേശ വകുപ്പ് ജോയിന്റ് സെക്രട്ടറി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, ഡി. എം. ഒ., വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, തഹസില്‍‌ദാര്‍, ഡി. ഇ. ഒ. മാര്‍ (4), വില്ലേജ് ഓഫീസര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ (20) തുടങ്ങി 81 പേരാണ് പിഴശിക്ഷക്ക് വിധേയരായത്. വകുപ്പുതല നടപടികള്‍ക്ക് വിധേയരായത് എട്ടു പേരാണ്. അപേക്ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി ശിക്ഷിക്കപ്പെട്ടത് നാലു പേരാണ്.