സംഘടിതരും അവഗണിക്കപ്പെട്ടവരുമായ ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് 1986ല്‍ ഉപഭോക്തൃ സംരക്ഷണ നിയമം പാര്‍ലമെന്റ് പാസാക്കിയത്. രാജ്യത്തെ ഉപഭോക്തൃ പ്രസ്ഥാനങ്ങളുടെ സമ്മര്‍ദത്തിന്റെയും ജനകീയ പ്രക്ഷോഭങ്ങളുടെയും ഫലമായിരുന്നു ഈ നിയമത്തിന്റെ ജനനം. ഒരു പോസ്റ്റ്കാര്‍ഡില്‍ എഴുതിയ പരാതിയുടെ അടിസ്ഥാനത്തില്‍പോലും ഉപഭോക്താവിന് നീതിലഭിക്കുമെന്ന അവകാശവാദം ഇന്ന് നിരര്‍ഥകമാണ്. നിയമം പ്രാബല്യത്തിലായി കാലക്രമേണ പരാതി സമര്‍പ്പിക്കാന്‍ കോര്‍ട്ട്ഫീ ഏര്‍പ്പെടുത്തുകയും ഉപഭോക്തൃ ഫോറങ്ങള്‍ അഭിഭാഷകരുടെ പറുദീസകളായിമാറുകയും ചെയ്തു. എന്നാലും, ഉപഭോക്താവ് വാങ്ങുന്ന സാധനങ്ങളിലും ലഭിക്കുന്ന സേവനങ്ങളിലും ഗുണനിലവാരം ഉറപ്പുവരുത്താനും അനുചിതമായ കച്ചവടതന്ത്രങ്ങളിലൂടെ ചൂഷണംചെയ്യപ്പെടുന്നതില്‍നിന്ന് ഉപഭോക്താക്കളെ ഒരു പരിധിവരെ മോചിപ്പിക്കാനും ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കഴിഞ്ഞിട്ടുണ്ട്.

   വാങ്ങുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും വിശദാംശങ്ങള്‍ അറിയാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. കടയില്‍നിന്ന് താന്‍ ഉദ്ദേശിക്കുന്ന സാധനങ്ങള്‍ തെരഞ്ഞെടുക്കാനും ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ കോടതിയെ സമീപിച്ച് കമ്പോളത്തില്‍നിന്ന് പിന്‍വലിപ്പിക്കാനും ഉപഭോക്താവിന് അവകാശമുണ്ട്. പക്ഷേ, ഈ അവകാശങ്ങളില്‍ പലതും പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുന്നില്ല.വിവരാവകാശ നിയമം 2005ല്‍ പാര്‍ലമെന്റ് പാസാക്കിയതിലൂടെ ഇതിനൊരു മാറ്റംവന്നിരിക്കുന്നു. പ്രബുദ്ധരായ പൗരസഞ്ചയമാണ് ജനാധിപത്യത്തിന്റെ കാതലെങ്കില്‍ 'വിവര'മുള്ള ഉപഭോക്തൃ സമൂഹവും രാജ്യത്തിന്റെ സമ്പത്താണ്.

  അറിയാനുള്ള ഉപഭോക്താവിന്റെ അവകാശത്തെ സംരക്ഷിക്കുന്ന സുപ്രധാന വിധിയാണ് ദല്‍ഹി ഹൈകോടതിയുടെ ഡിവിഷന്‍ ബെഞ്ച്, ഹെസനും ഇന്ത്യാ ഗവണ്‍മെന്റും തമ്മിലുള്ള കേസില്‍ പുറപ്പെടുവിച്ചത്. കടയില്‍നിന്ന് വാങ്ങുന്ന മരുന്നുകള്‍, ഭക്ഷ്യവസ്തുക്കൾ, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയില്‍ മൃഗങ്ങളില്‍നിന്ന് സംസ്കരിച്ചെടുക്കുന്ന എന്തെങ്കിലും അടങ്ങിയിട്ടുണ്ടോ എന്നറിയാന്‍ സസ്യാഹാരം മാത്രം കഴിക്കുന്ന ഒരാള്‍ക്ക് അവകാശമുണ്ട്. മരുന്നുകളില്‍ ചില ഘടകങ്ങള്‍ ജീവനുതന്നെ ഹാനിയുണ്ടാക്കിയെന്നുവരാം. ഒരാളുടെ മതപരമായ വിശ്വാസപ്രമാണങ്ങള്‍ക്ക് എതിരായ വസ്തുക്കള്‍പോലും അയാളറിയാതെ ഉള്ളില്‍ ചെന്നെന്നും വരാം.
   
   ഇതെല്ലാം പൗരന്റെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണ്. ഭരണഘടനയുടെ 19, 21, 25 അനുച്ഛേദങ്ങളുടെയും ലംഘനമാണെന്നാണ് ഡിവിഷന്‍ ബെഞ്ച് പറഞ്ഞത്. സസ്യവും സസ്യേതരവും എന്ന് തരംതിരിച്ചറിയാന്‍ കഴിയുന്ന രീതിയിലുള്ള നിറങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഉപഭോക്താവിന്റെ അറിയാനുള്ള അവകാശം സംരക്ഷിക്കണമെന്നാണ് കോടതി കേന്ദ്രസര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്.
   
   ഉപഭോക്തൃ ഫോറങ്ങളെ സമീപിക്കുന്നതിനുമുമ്പ് സേവനത്തില്‍ വീഴ്ചവരുത്തിയ സ്ഥാപനത്തില്‍നിന്ന് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ശേഖരിക്കുന്നത് നഷ്ടപരിഹാര ഹരജിയുടെ വിജയസാധ്യത കൂട്ടുന്നു. വിവരാവകാശ നിയമപ്രകാരമുള്ള മുഴുവന്‍ സ്ഥാപനങ്ങളും 'പൊതു അധികാരി'കളാണ്. പാര്‍ലമെന്റോ സംസ്ഥാന നിയമസഭകളോ നിര്‍മിച്ച ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപവത്കരിച്ച സ്ഥാപനങ്ങളും 'പൊതു അധികാരി' എന്ന നിര്‍വചനത്തില്‍ വരും. പൊതു അധികാരിക്ക് പുറമെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ പ്രകാരം രൂപവത്കൃതമായ സ്ഥാപനങ്ങളില്‍നിന്നും സര്‍ക്കാറുകളുടെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനങ്ങളില്‍നിന്നും വിവരങ്ങള്‍ ലഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളില്‍നിന്നും ഗണ്യമായ ധനസഹായം സ്വീകരിക്കുന്ന സര്‍ക്കാറിതര സ്ഥാപനങ്ങളില്‍നിന്നും പൗരന് വിവരം ലഭിക്കും.

സ്വകാര്യ സ്ഥാപനങ്ങളും വിവരാവകാശ നിയമവും

  സാധാരണക്കാരന്‍ ദൈനംദിനജീവിതവുമായി ബന്ധപ്പെട്ട് സ്വകാര്യ സ്ഥാപനങ്ങളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. ദേശസാല്‍കൃത ബാങ്കുകളെ അവഗണിച്ച് പുതുതലമുറ ധനകാര്യ സ്ഥാപനങ്ങളുടെ ബ്രാഞ്ചുകള്‍ കുഗ്രാമങ്ങളില്‍പോലും എത്തിക്കഴിഞ്ഞു. ഇത്തരം ബാങ്കുകളുടെ രഹസ്യ ഉപാധികളുടെ ചതിക്കുഴിയില്‍പെടുന്നവര്‍ രക്ഷാമാര്‍ഗമെന്ന നിലയില്‍ വിവരാവകാശ നിയമവും ഉപയോഗിക്കാറുണ്ട്.
 
   സ്വകാര്യ സ്ഥാപനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്ന സംശയം പലരും ഉന്നയിക്കാറുണ്ട്. സ്വകാര്യ സ്ഥാപനങ്ങള്‍ നേരിട്ട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. ഏതെങ്കിലും ഒരു നിയമപ്രകാരം സ്വകാര്യ സ്ഥാപനത്തില്‍നിന്ന് വിവരം ശേഖരിക്കാന്‍ അധികാരമുള്ള 'പൊതു അധികാരി' സ്ഥാപനത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഈ സ്ഥാപനത്തിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തന്റെ അധികാരമുപയോഗിച്ച് സ്വകാര്യ സ്ഥാപനത്തില്‍നിന്ന് വിവരം ശേഖരിച്ച് അപേക്ഷകന് നല്‍കണം.
 
   സ്വകാര്യ ആശുപത്രി നഴ്സുമാര്‍ക്ക് നല്‍കുന്ന വേതനത്തെക്കുറിച്ച് അറിയണമെങ്കില്‍ അപേക്ഷ തൊഴില്‍ വകുപ്പിനാണ് സമര്‍പ്പിക്കേണ്ടത്. തൊഴില്‍ വകുപ്പിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തന്റെ അധികാരമുപയോഗിച്ച് സ്വകാര്യ ആശുപത്രിയില്‍നിന്ന് വിവരം ശേഖരിച്ച് അപേക്ഷകന് കൈമാറണം. വിവരാവകാശ നിയമത്തിലെ 5(4) വകുപ്പുപ്രകാരം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറുടെ ചുമതല നിര്‍വഹിക്കുന്നതിന് ആവശ്യമെങ്കില്‍ ഏത് ഉദ്യോഗസ്ഥന്റെയും സഹായം തേടാവുന്നതാണ്. അത്തരത്തിലൊരു സഹായം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ആവശ്യപ്പെട്ടിട്ടും വിവരങ്ങളുടെ സൂക്ഷിപ്പുകാരനായ ഉദ്യോഗസ്ഥന്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തിയാല്‍, വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥനെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറായി കണക്കാക്കി വിവരാവകാശ നിയമപ്രകാരം ശിക്ഷിക്കാന്‍ വിവരാവകാശ കമീഷന് അധികാരമുണ്ട്. നഴ്സുമാര്‍ക്ക് നല്‍കുന്ന വേതനത്തെ സംബന്ധിച്ച സ്വകാര്യ ആശുപത്രി തൊഴില്‍ വകുപ്പിന് നല്‍കുന്നില്ലെങ്കില്‍ മിനിമം വേജസ് നിയമപ്രകാരം തൊഴില്‍ വകുപ്പിന് ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കാം.
 
   വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ തീര്‍പ്പുകല്‍പിക്കുന്നതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരെ വിവരാവകാശ കമീഷന് ശിക്ഷിക്കാം. നിയമത്തിലെ 20(1), 20(2) എന്നീ വകുപ്പുകള്‍ പ്രകാരമാണിത്. 30 ദിവസത്തിനകം രേഖകള്‍ നല്‍കണമെന്ന വ്യവസ്ഥ ലംഘിക്കുന്ന ഉദ്യോഗസ്ഥന് വൈകുന്ന ഓരോ ദിവസത്തിനും 250 രൂപ നിരക്കില്‍ പരമാവധി 25,000 രൂപയാണ് പിഴ. കൂടാതെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാന്‍ ശിപാര്‍ശ ചെയ്യുന്നതിനും കമീഷന് അധികാരമുണ്ട്. 'വിവരം' സമയബന്ധിതമായി ലഭിക്കാത്തതുമൂലം അപേക്ഷകന് എന്തെങ്കിലും നഷ്ടം വന്നുവെന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ വിവരാവകാശ നിയമത്തില്‍ 19(8)(ബി) വകുപ്പ് അപേക്ഷകന് നഷ്ടപരിഹാരം വിധിക്കാന്‍ കമീഷന് അധികാരം നല്‍കുന്നു. പൊതുഅധികാര സ്ഥാപനമാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

ഉപഭോക്തൃ ഫോറത്തിനും നഷ്ടം വിധിക്കാം

   പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നിയമാനുസൃതം രേഖകള്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തിയാല്‍ അപേക്ഷകന് നഷ്ടപരിഹാരം വിധിക്കാന്‍ ഉപഭോക്തൃ ഫോറത്തിന് അധികാരമുണ്ടെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍ ഉത്തരവിട്ടു.
മൈസൂര്‍ കോര്‍പറേഷനെതിരെ ഡോ. എസ്.പി. തിരുമലറാവു സമര്‍പ്പിച്ച ഹരജിയിലാണ് ശ്രദ്ധേയമായ ഈ വിധി. ഡോ. റാവുവിന്റെ ക്ളിനിക്കിനു മുമ്പിലെ നടപ്പാത ടെലിഫോണ്‍ കേബിളിടുന്നതിനുവേണ്ടി പൊളിച്ചുമാറ്റിയെങ്കിലും അത് പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ കൂട്ടാക്കിയില്ല. ക്ളിനിക്കിലേക്കുവരുന്ന രോഗികള്‍ക്കും മറ്റുള്ളവര്‍ക്കും ഇതു തടസ്സമായി. ടെലിഫോണ്‍ കേബിള്‍ സ്ഥാപിച്ചവരുടെ വിശദാംശങ്ങള്‍ തേടി ഡോ. റാവു മൈസൂര്‍ കോര്‍പറേഷന്‍ മുമ്പാകെ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചു. സമയപരിധിക്കുള്ളില്‍ വിവരം നല്‍കാന്‍ കോര്‍പറേഷന്‍ തയാറായില്ല. ഇത് സേവനത്തിലെ ന്യൂനതയാണെന്ന് പരാതിപ്പെട്ടാണ് ഉപഭോക്തൃഫോറത്തെ സമീപിച്ചത്.
വിവരാവകാശ നിയമപ്രകാരം നടപടികളിലെ വീഴ്ചയുടെ പേരില്‍ വിവരാവകാശ കമീഷനെയാണ് സമീപിക്കേണ്ടതെന്നും ഉപഭോക്തൃ ഫോറങ്ങള്‍ക്ക് നഷ്ടപരിഹാരം വിധിക്കാന്‍ അധികാരമില്ലെന്നുമുള്ള മൈസൂര്‍ കോര്‍പറേഷന്റെ വാദം നിരാകരിച്ചുകൊണ്ട് 500 രൂപ നഷ്ടപരിഹാരവും 100 രൂപ കോടതി ചെലവും പരാതിക്കാരന് നല്‍കാന്‍ ജില്ലാ ഫോറം ഉത്തരവിട്ടു. ഈ ഉത്തരവിനെ ചോദ്യംചെയ്ത് കോര്‍പറേഷന്‍ കര്‍ണാടക ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനെ സമീപിച്ചു. നഷ്ടപരിഹാരം വിധിച്ച് ജില്ലാ ഫോറത്തിന്റെ വിധി സംസ്ഥാന കമീഷന്‍ റദ്ദാക്കി. തുടര്‍ന്ന് ഡോ. റാവു ദേശീയ കമീഷനു മുമ്പാകെ അപ്പീല്‍ സമര്‍പ്പിച്ചു. നഷ്ടപരിഹാരം നല്‍കാനുള്ള ജില്ലാ ഫോറത്തിന്റെ വിധി ദേശീയ കമീഷന്‍ ശരിവെക്കുകയായിരുന്നു. ഏറെ ഗുണകരമായ ഒന്നാണ് ദേശീയ കമീഷന്റെ ഈ വിധി.



അഡ്വ. ഡി.ബി. ബിനു


ഭരിക്കപ്പെടുന്ന ജനത്തോട് സമാധാനം പറയാന്‍ ബാധ്യതപ്പെട്ടതും, പൊതുസ്ഥാപനങ്ങളിലെ അഴിമതി തടയാനും സുതാര്യത ഉറപ്പുവരുത്താനും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ് വിവരാവകാശ നിയമം - 2005”

ഈ നിയമം എങ്ങനെ പ്രവര്‍ത്തിക്കുന്നു

കോടതികള്‍, കമ്മീഷനുകള്‍, ട്രിബ്യൂണലുകള്‍ തുടങ്ങിയവ പോലെ പ്രത്യക്ഷത്തില്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ നിയമത്തിനോ ഇതിലെ ഉത്തരവാദപ്പെട്ട സ്ഥാപനത്തിനോ കഴിയുകയില്ല. എന്നാല്‍ നിയമപരമായ ചുമതലകള്‍ ചെയ്യേണ്ട ഉദ്യോഗസ്ഥരെക്കൊണ്ട് ആ ചുമതല നിര്‍വ്വഹിപ്പിക്കലാണ് ഈ നിയമം കൊണ്ട് സാധിക്കുന്നത്.

വിവരാവകാശ നിയമപ്രകാരം കേരളത്തില്‍ ഇതുവരെ ശിക്ഷിക്കപ്പെട്ടവര്‍

ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി, തദ്ദേശ വകുപ്പ് ജോയിന്റ് സെക്രട്ടറി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, ഡി. എം. ഒ., വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, തഹസില്‍‌ദാര്‍, ഡി. ഇ. ഒ. മാര്‍ (4), വില്ലേജ് ഓഫീസര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ (20) തുടങ്ങി 81 പേരാണ് പിഴശിക്ഷക്ക് വിധേയരായത്. വകുപ്പുതല നടപടികള്‍ക്ക് വിധേയരായത് എട്ടു പേരാണ്. അപേക്ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി ശിക്ഷിക്കപ്പെട്ടത് നാലു പേരാണ്.