സേവനം യഥാസമയം നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥന് പിഴയും നടപടിയും

തിരുവനന്തപുരം: വിവരാവകാശ നിയമ മാതൃകയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സേവനാവകാശ നിയമത്തില്‍ സര്‍ക്കാര്‍ സേവനം യഥാസമയം നല്‍കിയില്ലെങ്കില്‍ ഉദ്യോഗസ്ഥന് പിഴയും അച്ചടക്ക നടപടിയും ശിക്ഷയായി വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍ സേവനം പൗരന്റെ അവകാശമാക്കുന്ന ഈ നിയമം സിവില്‍ സര്‍വീസിന്റെ മുഖഛായ തന്നെ മാറ്റുമെന്നാണ് കരുതുന്നത്. സേവനാവകാശ നിയമത്തിന്റെ കരടിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിവരുന്നു.

മഹാരാഷ്ട്രയില്‍ സേവനാവകാശ നിയമം കഴിഞ്ഞ വര്‍ഷം പാസാക്കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശപ്രകാരം ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും നിയമത്തിന്റെ കരടിന് രൂപം നല്‍കുന്നത്. തുടര്‍ന്ന് സര്‍വീസ് സംഘടനകളുമായും മറ്റും ചര്‍ച്ച നടത്തി ബില്‍ നിയമസഭയില്‍ കൊണ്ടുവന്ന് പാസാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഓരോ സേവനവും നല്‍കുന്നതിന് കൃത്യമായ സമയപരിധി നേരത്തെ നിശ്ചയിക്കും. ഈ സമയപരിധിക്കുള്ളില്‍ അപേക്ഷകന് സേവനം നല്‍കണമെന്നാണ് നിയമത്തിലൂടെ വ്യവസ്ഥ ചെയ്യുക. ആദ്യ അപ്പീല്‍ ഓഫീസര്‍, രണ്ടാം അപ്പലേറ്റ് അതോറിറ്റി, അതിനുമുകളില്‍ സര്‍ക്കാര്‍ നിയമിക്കുന്ന ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ വീഴ്ച വന്നാല്‍ പരിശോധിക്കാന്‍ ത്രിതല സംവിധാനമുണ്ടാകും. നിശ്ചിത സമയത്തിനുള്ളില്‍ സേവനം നല്‍കിയില്ലെങ്കില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന് 500 മുതല്‍ 5000 രൂപ വരെ പിഴ ശിക്ഷ വിധിക്കാം. മതിയായ കാരണങ്ങളില്ലാതെ സേവനം നല്‍കുന്നതിന് കാലതാമസം വരുത്തിയാല്‍ താമസിക്കുന്ന ഓരോ ദിവസത്തിനും 250 രൂപ വീതം പിഴ ഈടാക്കും. പരമാവധി 5000 രൂപയായിരിക്കും ശിക്ഷ. കൂടാതെ മനപ്പൂര്‍വമായി വരുത്തുന്ന വീഴ്ചകള്‍ക്ക് അച്ചടക്ക നടപടിയും നേരിടേണ്ടിവരും.

അപേക്ഷ നല്‍കുന്ന അന്നുമുതലാണ് തീയതി കണക്കാക്കുക. അപേക്ഷ സ്വീകരിക്കുന്ന ഉദ്യോഗസ്ഥന്‍ അതിനുള്ള രസീത് നല്‍കണം. സേവനം ലഭിച്ചില്ലെങ്കില്‍ ആദ്യ അപ്പീല്‍ ഓഫീസര്‍ക്കാണ് പരാതി നല്‍കേണ്ടത്. 30 ദിവസത്തിനകം പരാതി നല്‍കണം. പരാതി ശരിയെന്ന് കണ്ടാല്‍ സേവനം നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അപ്പീല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കാം. ആദ്യ അപ്പീല്‍ ഓഫീസര്‍ പരാതി നിരസിച്ചാല്‍ രണ്ടാം അപ്പലേറ്റ് അതോറിറ്റിക്ക് അപ്പീല്‍ നല്‍കാം. സേവനം നിഷേധിച്ചെന്ന് അതോറിറ്റിക്ക് ബോധ്യമായാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനൊപ്പം ആദ്യം അപ്പീല്‍ പരിഗണിച്ച ഓഫീസറെയും ശിക്ഷിക്കാം. 500 മുതല്‍ 5000 രൂപവരെയാണ് അപ്പീല്‍ ഓഫീസര്‍ക്കുമുള്ള ശിക്ഷ.

ഉദ്യോഗസ്ഥനും ആദ്യ അപ്പീല്‍ ഓഫീസര്‍ക്കും ശിക്ഷ നല്‍കും മുമ്പ് അവരുടെ ഭാഗം കേള്‍ക്കണമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.അപ്പലേറ്റ് അതോറിറ്റിക്ക് അപേക്ഷ നല്‍കേണ്ടത് 60 ദിവസങ്ങള്‍ക്കുള്ളിലാണ്. ആദ്യ അപ്പീല്‍ ഓഫീസര്‍ക്കും അപ്പലേറ്റ് അതോറിറ്റിക്കും രേഖകള്‍ പരിശോധിക്കുന്നതിനും മറ്റും സിവില്‍ കോടതിയുടെ അധികാരം ഉണ്ടായിരിക്കും. അപ്പലേറ്റ് അതോറിറ്റി നിര്‍ദേശിക്കുന്ന ശിക്ഷയെക്കുറിച്ച് ആദ്യ അപ്പീല്‍ ഓഫീസര്‍, സേവനം നല്‍കാന്‍ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്ക് പരാതിയുണ്ടെങ്കില്‍ ത്രിതല സംവിധാനത്തിന്റെ മുകള്‍തട്ടിലായി സര്‍ക്കാര്‍ നിയമിക്കുന്ന ഓഫീസര്‍ക്ക് പരാതി നല്‍കാം. ഇദ്ദേഹത്തിന്റെ തീര്‍പ്പ് അന്തിമമായിരിക്കും.

നിയമത്തിന്റെ കരട് ഇതാണെങ്കിലും തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകളിലൂടെ കൂടുതല്‍ ബലപ്പെടുത്തണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഉദാസീനതമൂലം പൊതുജനങ്ങള്‍ക്ക് അവരുടെ സേവനം യഥാസമയം ലഭിക്കുന്നില്ലെന്നതും ഫയലുകള്‍ ചുവപ്പുനാടയില്‍ കുടുങ്ങുന്നുവെന്നതുമാണ് സിവില്‍ സര്‍വീസിനെക്കുറിച്ചുള്ള പ്രധാന പരാതി. വിവരാവകാശ നിയമം ഒരു പരിധി വരെ സുതാര്യത കൊണ്ടുവന്നെങ്കിലും കാലതാമസത്തിന് ഇത് പരിഹാരമായിരുന്നില്ല. സേവനാവകാശ നിയമം ചുവപ്പുനാടയുടെ കുരുക്ക് ഒരു പരിധിവരെയെങ്കിലും അഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


അനീഷ് ജേക്കബ്‌


ഭരിക്കപ്പെടുന്ന ജനത്തോട് സമാധാനം പറയാന്‍ ബാധ്യതപ്പെട്ടതും, പൊതുസ്ഥാപനങ്ങളിലെ അഴിമതി തടയാനും സുതാര്യത ഉറപ്പുവരുത്താനും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ് വിവരാവകാശ നിയമം - 2005”

ഈ നിയമം എങ്ങനെ പ്രവര്‍ത്തിക്കുന്നു

കോടതികള്‍, കമ്മീഷനുകള്‍, ട്രിബ്യൂണലുകള്‍ തുടങ്ങിയവ പോലെ പ്രത്യക്ഷത്തില്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ നിയമത്തിനോ ഇതിലെ ഉത്തരവാദപ്പെട്ട സ്ഥാപനത്തിനോ കഴിയുകയില്ല. എന്നാല്‍ നിയമപരമായ ചുമതലകള്‍ ചെയ്യേണ്ട ഉദ്യോഗസ്ഥരെക്കൊണ്ട് ആ ചുമതല നിര്‍വ്വഹിപ്പിക്കലാണ് ഈ നിയമം കൊണ്ട് സാധിക്കുന്നത്.

വിവരാവകാശ നിയമപ്രകാരം കേരളത്തില്‍ ഇതുവരെ ശിക്ഷിക്കപ്പെട്ടവര്‍

ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി, തദ്ദേശ വകുപ്പ് ജോയിന്റ് സെക്രട്ടറി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, ഡി. എം. ഒ., വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, തഹസില്‍‌ദാര്‍, ഡി. ഇ. ഒ. മാര്‍ (4), വില്ലേജ് ഓഫീസര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ (20) തുടങ്ങി 81 പേരാണ് പിഴശിക്ഷക്ക് വിധേയരായത്. വകുപ്പുതല നടപടികള്‍ക്ക് വിധേയരായത് എട്ടു പേരാണ്. അപേക്ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി ശിക്ഷിക്കപ്പെട്ടത് നാലു പേരാണ്.