ഈ കൂട്ടായ്മയുടെ സംഘാടനത്തില്‍ പ്രധാന സഹായിയായി ഈമെയില്‍ കൂട്ടായ്മയിലൂടെ പ്രവര്‍ത്തിച്ചിരുന്ന നമ്മുടെ പ്രിയപ്പെട്ട എന്‍ പി 09/01/2011ന് ഹൃദയ സംബന്ധമായ അസുഖം മൂലം നിര്യാതനായി.

അങ്കിള്‍ എന്ന അപരനാമത്തില്‍ ഉപഭോക്താവ് (http://upabhokthavu.blogspot.com/), സര്‍ക്കാര്‍ കാര്യം (http://sarkkaarkaryam.blogspot.com/) എന്നീ ബ്ലോഗുകളില്‍ മറ്റുള്ളവര്‍ക്ക് പ്രയോജനപ്രദമായ ധാരാളം പോസ്റ്റുകള്‍ എഴുതിയിട്ടുണ്ട്. 1986 –ല്‍ ഇദ്ദേഹവും മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന ശ്രീ കെ.ജി നാരായണന്‍ നായരും ചേര്‍ന്നാണ് ആദ്യമായി മലയാളം കമ്പ്യൂട്ടറിലെത്തിച്ചത്. ചന്ദ്രികയാണു ഭാര്യ. മകള്‍ ഭര്‍ത്താവും രണ്ട്‌ കുട്ടികളുമൊത്ത്‌ ഗുഡുഗ്ഗാവില്‍ താമസിക്കുന്നു. മകന്‍ യു.എസ്.എ.യില്‍ ഉപരിപഠനം കഴിഞ്ഞ്‌ ഭാര്യയുമൊത്ത്‌ ന്യൂജേര്‍സിയില്‍ താമസിക്കുന്നു .

39 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍ നാലു വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ Internal Audit Board (currently RIAB)ല്‍ അതിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. ഏഴുവര്‍ഷക്കാലം അക്കൌണ്ടന്റ് ജനറല്‍ ഓഫീസില്‍ സര്‍ക്കാരിന്റെ വരവുചെലവു കണക്കുകളും ബാലന്‍സ് ഷീറ്റും [Finance and Appropriation accounts] നിര്‍മ്മിക്കുന്നതിനു നേതൃത്വം കൊടുത്തു. അവസാന മൂന്നു വര്‍ഷം വീണ്ടും സംസ്ഥാന സര്‍ക്കാരിന്റെ ട്രഷറികള്‍ കമ്പ്യൂട്ടറൈസ് ചെയ്യുന്നതിനു വേണ്ടി അഡിഷനല്‍ സെക്രട്ടറി പദവിക്ക് തുല്യമായ Systems Manager ആയിട്ടും ജോലിചെയ്തു. ആ പദവിയിലിരുന്നുതന്നെ റിട്ടയറും ചെയ്തു. Institute of Public Auditors, India (IPAI) ലെ അംഗം. അതായത്, ഭാരതത്തിലെ ഏത് പൊതുമേഖലാ സ്ഥാപനത്തിലേയും കണക്കുകള്‍ പരിശോധിക്കുവാനന്‍ യോഗ്യതയുള്ളയാളായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ നിര്യാണത്തില്‍ പൂക്കോട്ടൂര്‍ പഞ്ചായത്ത് വിവരാവകാശ മനുഷ്യാവകാശ കൂട്ടായ്മ ആദരാഞ്ജലി അര്‍പ്പിക്കുന്നു


ഭരിക്കപ്പെടുന്ന ജനത്തോട് സമാധാനം പറയാന്‍ ബാധ്യതപ്പെട്ടതും, പൊതുസ്ഥാപനങ്ങളിലെ അഴിമതി തടയാനും സുതാര്യത ഉറപ്പുവരുത്താനും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ് വിവരാവകാശ നിയമം - 2005”

ഈ നിയമം എങ്ങനെ പ്രവര്‍ത്തിക്കുന്നു

കോടതികള്‍, കമ്മീഷനുകള്‍, ട്രിബ്യൂണലുകള്‍ തുടങ്ങിയവ പോലെ പ്രത്യക്ഷത്തില്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ നിയമത്തിനോ ഇതിലെ ഉത്തരവാദപ്പെട്ട സ്ഥാപനത്തിനോ കഴിയുകയില്ല. എന്നാല്‍ നിയമപരമായ ചുമതലകള്‍ ചെയ്യേണ്ട ഉദ്യോഗസ്ഥരെക്കൊണ്ട് ആ ചുമതല നിര്‍വ്വഹിപ്പിക്കലാണ് ഈ നിയമം കൊണ്ട് സാധിക്കുന്നത്.

വിവരാവകാശ നിയമപ്രകാരം കേരളത്തില്‍ ഇതുവരെ ശിക്ഷിക്കപ്പെട്ടവര്‍

ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി, തദ്ദേശ വകുപ്പ് ജോയിന്റ് സെക്രട്ടറി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, ഡി. എം. ഒ., വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, തഹസില്‍‌ദാര്‍, ഡി. ഇ. ഒ. മാര്‍ (4), വില്ലേജ് ഓഫീസര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ (20) തുടങ്ങി 81 പേരാണ് പിഴശിക്ഷക്ക് വിധേയരായത്. വകുപ്പുതല നടപടികള്‍ക്ക് വിധേയരായത് എട്ടു പേരാണ്. അപേക്ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി ശിക്ഷിക്കപ്പെട്ടത് നാലു പേരാണ്.