സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വിപ്ലവകരമായ നിയമമായ വിവരാവകാശ നിയമത്തിന്റെ കഴുത്തറത്ത് കൊല്ലാന്‍ അതിന്റെ കരട് തയ്യാറാക്കുമ്പോള്‍ തന്നെ ശ്രമം തുടങ്ങിയതാണ്. അഴിമതിക്കാരുടെ ഉറക്കം കെടുത്തുന്ന,ഭരണസംവിധാനത്തെ എറ്റവും സുതാര്യ മാക്കുന്ന ഈ നിയമത്തിന്റെ സദ്ഫലങ്ങള്‍ അഞ്ചുവര്‍ഷം കൊണ്ടു തന്നെ ജനങ്ങള്‍ക്ക് അനുഭവവേദ്യമായിട്ടുണ്ട്.അതിന്റെ ശക്തി ഭരണാധികാരികളെ വിറപ്പിച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെയാണു, നിയമത്തെ കൂടുതല്‍ ശക്തിപ്പെടുത്താനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പുറത്തിറക്കിയ ചട്ടങ്ങളുടെ കരട് വിവരാവകാശ നിയമത്തിന്റെ നട്ടെല്ലു തന്നെ ഒടിക്കുന്നത്.

പത്ത് രൂപയടച്ച് ഏതൊരു പൌരനും ഏതു രേഖയും വിവരങ്ങളും ആവശ്യപെടാമെന്നാണു നിയമവ്യവസ്ഥ.രാജ്യത്തിന്റെ സുരക്ഷയേയും മറ്റും സംബന്ധിച്ച പരിമിതമായ ചില നിയന്ത്രണങ്ങള്‍ മാത്രമേ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളൂ.അതിനാലാണു വിവരാവകാശ നിയമം ഓരോ പൌരനേയും ഒരേസമയം എം.എല്‍.എയും എം.പിയുമാക്കി മാറ്റിയത് എന്ന് പറയുന്നത്.പഞ്ചായത്ത് തലം മുതല്‍ രാഷ്ട്രപതിഭവന്‍ വരെയുള്ള ഏതുകാര്യങ്ങളും,സാധാരണക്കാരില്‍ സാധാരണക്കാര്‍ക്കുവരെ ലഭ്യമാക്കിയ ഈ നിയമം ഇന്ത്യന്‍ ജനാധിപത്യത്തെ അതിശക്തമാക്കി.ഇപ്പോള്‍ അഴിമതിയോ,സ്വജനപക്ഷപാതമോ നടത്തുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും,തങ്ങള്‍ എപ്പോഴും ആയിരക്കണക്കിനു ജാഗരൂകരായ പൌരരുടെ ദൃഷ്ടിപഥത്തിനുള്ളിലാണെന്ന് ഉള്‍ക്കിടിലത്തോടെ ഓര്‍ക്കും. ഇന്നല്ലെങ്കില്‍ നാളെ ആരെങ്കിലുമൊരാള്‍ പത്ത് രൂപ അടച്ച് ഈ രഹസ്യങ്ങള്‍ തുറന്നുകാട്ടുമെന്ന് അവര്‍ക്കറിയാം. ഫയലിന്മേല്‍ അടയിരിക്കുന്നവരുടെ ശീലങ്ങള്‍ മാറുകയാണിപ്പോള്‍. “എവിടെ എന്റെ അപേക്ഷ?” എന്ന് ചോദിച്ച് വിവരാവകാശ നിയമപ്രകാരം രേഖകള്‍ തിരക്കി നിസ്വനായ ഒരാള്‍ നാളെ പടികടന്നെത്തുമെന്ന അറിവ് ,ചുവപ്പുനാടക്കാരെപ്പോലും വേട്ടയാടുന്നു. അഴിമതിയില്‍ ലോകത്ത് ഒന്നാം നിരയില്‍ത്തന്നെ സ്ഥാനമുണ്ട് ഇന്ത്യയ്ക്ക് .പക്ഷേ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ടു തന്നെ ആ കസേരയ്ക്ക് ഇളക്കം തട്ടുന്നതായി സൂചനകള്‍ വന്നു കഴിഞ്ഞു. അടുത്തിടെ മഹാരാഷ്ട്രാമുഖ്യമന്ത്രിയുടേയും ടെലികോം മന്ത്രിയുടേയുമൊക്കെ കസേരകള്‍ തെറുപ്പിച്ചതും,കര്‍ണ്ണാടകത്തില്‍ രാഷ്ട്രീയപ്രതിസന്ധി സൃഷ്ടിച്ചതുമായ അഴിമതിരേഖകള്‍ പുറത്ത് കൊണ്ടുവരുന്നതില്‍ വിവരാവകാശനിയമം വലിയപങ്കു വഹിച്ചിട്ടുണ്ട്. ഇനിയും എത്രയോ തലകള്‍ ഉരുളാനിരിക്കുന്നു.എത്രയോ രാജാക്കന്മാര്‍ നഗ്നരാണെന്ന് ജനം വിളിച്ചുകൂവാനിരിക്കുന്നു!

വിവരാവകാശനിയമം നിലവില്‍ വന്നതോടെ ഔദ്യോഗികരഹസ്യനിയമം അപ്രസക്തമായിത്തീര്‍ന്നു.ഫയല്‍ നോട്ടുകളും ,ഉദ്യോഗസ്ഥരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ പോലും ഇപ്പോള്‍ രഹസ്യരേഖകളല്ല.ഉദ്യോഗസ്ഥതലത്തില്‍ നിയമം ദുര്‍ബലപ്പെടുത്താനുള്ള ആദ്യ നീക്കം ഡല്‍ഹിയില്‍ നടത്തിയവര്‍ ഈ വ്യവസ്ഥകള്‍ നിയമത്തില്‍ നിന്ന് എടുത്തുകളയാന്‍ സമ്മര്‍ദ്ദം ചെലുത്തി.പ്രധാനമന്ത്രിയുടെ ഓഫീസ് പോലും ഇതിനെ അനുകൂലിച്ചെങ്കിലും സോണിയാഗാന്ധിയുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ആ നീക്കം പരാജയപ്പെട്ടു.

പക്ഷേ,നിയമത്തിന്റെ അന്തസത്തയ്ക്ക് എതിരായ ഒട്ടേറെ ചട്ടങ്ങളും,കേന്ദ്ര-സംസ്ഥാന വിവരാവകാശകമ്മീഷനുകളുടെ ഉത്തരവുകളും വ്യാഖ്യാനങ്ങളും അടുത്തിടെ ഉണ്ടായി.“എന്തുകൊണ്ട്” എന്ന ചോദ്യത്തിനു ഉത്തരം നല്‍കേണ്ടെന്ന തീരുമാനം,സത്യത്തില്‍ വിവരാവകാശ നിയമത്തിന്റെ മുനതന്നെ ഒടിച്ചുകളഞ്ഞിരിക്കുകയാണ്. ഒരു അഴിമതി നടത്തുമ്പോള്‍ ഒരു നിയമം മറികടക്കുമ്പോള്‍ ഒരു ഫയല്‍ പൂഴ്ത്തിവെക്കുമ്പോള്‍ ഇപ്പോള്‍ ഒരാള്‍ക്കും “എന്തു കൊണ്ട് ഇങ്ങനെ ചെയ്തു? എന്താണു കാരണം?” എന്ന് വിവരാവകാശനിയമപ്രകാരം ചോദിച്ച് ചെല്ലാന്‍ കഴിയില്ല. ഇത് നിയമത്തെ ദുര്‍ബ്ബലപ്പെടുത്തുമെന്ന് ഉറപ്പ്.ഉദാഹരണത്തിനു, നിങ്ങളുടെ ഒരു അപേക്ഷ ,കൈക്കൂലി കൊടുക്കാത്തതിനാല്‍ പഞ്ചായത്ത് ഓഫീസിലെ ഗുമസ്ഥന്‍ പൂഴ്‌ത്തി വെച്ചിരിക്കുന്നു. മുമ്പ് പത്ത് രൂപ അടച്ച് വിവരാവകാശ നിയമപ്രകാരാം ഒരു കത്ത് നല്‍കേണ്ട താമസമേ ഉണ്ടയിരുന്നുള്ളൂ,ചുവപ്പുനാടക്കുള്ളില്‍ ഉറക്കിക്കിടത്തിയിരുന്ന ആ ഫയലിനു മിന്നല്‍ വേഗം കിട്ടാന്‍. “എന്തുകൊണ്ടു തീരുമാനമെടുക്കുന്നില്ല?”,“എന്തുകൊണ്ടു മറ്റെയാള്‍ക്ക് ആ ആനുകൂല്യം കൊടുത്തു?”എന്ന് ചോദിച്ചാല്‍ നിയമപ്രകാരം കാരണങ്ങള്‍ വ്യക്തമാക്കാന്‍ ബാദ്ധ്യതയില്ല എന്ന ഉത്തരമാകും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസല്‍ ഇപ്പോള്‍ നല്‍കുക. ഇത് നിയമത്തെ ഭാവിയില്‍ തമാ‍ശയാക്കി മാറ്റിയേക്കും. “അപേക്ഷ കിട്ടിയോ?”എന്ന് തിരക്കിയാല്‍ “കിട്ടിയിട്ട് പത്ത് വര്‍ഷമായി” എന്നും “അതിന്മേല്‍ നടപടി സ്വീകരിക്കാത്തത് എന്ത്?” എന്ന് ചോദിച്ചാല്‍ “നിയമപ്രകാരം അതിന്റെ കാരണം വ്യക്തമാക്കാന്‍ പറ്റില്ല” എന്നുമായിരിക്കും നിങ്ങള്‍ക്ക് കിട്ടുന്ന മറുപടി. ഇതുകൊണ്ടു എന്ത് പ്രയോജനം?

അടുത്തിടെ നിയമത്തെ മറികടക്കാനായി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ ചില ചെപ്പടി വിദ്യകളുണ്ടു. ലഭ്യമായ വിവരങ്ങളും രേഖകളും നല്‍കിയാല്‍ മതി എന്നാണു വ്യവസ്ഥ.ഒരാള്‍ അപേക്ഷ നല്‍കി എന്നതുകൊണ്ടു മാത്രം വിവരങ്ങള്‍ ‘ജനറേറ്റ്”ചെയ്തു നല്‍കേണ്ട എന്ന നിര്‍ദ്ദേശത്തിന്റെ മറവില്‍ “വിവരങ്ങള്‍ ലഭ്യമല്ല” എന്ന് ഉത്തരം നല്‍കി കൈകഴുകുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കൂടിവരുന്നു. വിവരങ്ങള്‍ നല്‍കുന്നത് വളരെ ചെലവേറിയതും ഓഫീസിന്റെ സാധാരണപ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നതുമാണെങ്കില്‍, അപേക്ഷകനു താല്പര്യമുണ്ടെങ്കില്‍ അവ നേരിട്ട് ചെന്നു പരിശോധിക്കാന്‍ അവസരം നല്‍കണമെന്നാണു ചട്ടം. അതിന്റെ മറവില്‍ ഏതു വിവരം ആവശ്യപ്പെട്ടാലും, “ഓഫീസില്‍ വന്ന് താങ്കള്‍ക്ക് പരിശോധിക്കാം” എന്ന് മറുപടി അയച്ച് കൈകഴുകുന്നവരുമുണ്ട്. ഉത്തരം ഓഫീസില്‍ വന്ന് വാങ്ങിക്കൊണ്ടു പോകണമെന്ന് ശഠിക്കുന്ന മറ്റൊരു വിഭാഗവുമുണ്ടു.ഉന്നതാധികാരിക്ക് ഒന്നാം അപ്പീല്‍ നല്‍കുകയോ കമ്മീഷനെ സമീപിക്കുകയോ ആണു ഇത് തടയിടാനുള്ള ഏകമാര്‍ഗ്ഗം. പക്ഷേ, ഒരു ശതമാനം പേര്‍ പോലും അപ്പീലുമായി പോകില്ലെന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ മനസിലാക്കിയ ഉദ്യോഗസ്ഥലോബിയാണു നിയമത്തെ ഇങ്ങനെ നോക്കുകുത്തിയാക്കുന്നത്.ഒന്നാം അപ്പീലില്‍ തീര്‍പ്പ് കല്‍‌പ്പിക്കുന്നതിനു കാലപരിധിയുണ്ടെങ്കിലും അപ്പോഴേക്കും മാസങ്ങള്‍ വൈകും. സംസ്ഥാന-കേന്ദ്ര കമ്മീഷനുകളില്‍ അപ്പീലുമായി എത്തുന്നവര്‍ അത്യപൂര്‍വ്വം. അതിന്റെ നൂലാമാലകള്‍ തന്നെ കാരണം. മിക്കവാറും അതിണു ഒരു വക്കീലിന്റെ സേവനം ആവശ്യമായി വരും.അപ്പീല്‍ നല്‍കിയാലോ? തീരുമാനമെടുക്കുന്നതിനു സമയപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ അത് വര്‍ഷങ്ങളോളം നീണ്ടു പോകാം. അതിനു ആരു തുനിയും?

വിവരാവകാശ നിയമത്തിന്റെ ആത്മാവ് തന്നെ നശിപ്പിക്കുന്ന ഈ പോരായ്മകള്‍ പരിഹരിച്ച് അതിനെ അതിശക്തമാക്കാനാണു കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കേണ്ടത്. അതിനു പകരം നിയമത്തെ തന്നെ അർത്ഥശൂന്യമാക്കുന്ന ഭേദഗതികളാണു കരട്ചട്ടങ്ങളില്‍ ഉള്ളത്.ഒരു വിഷയത്തെ കുറിച്ച് മാത്രമേ ചോദിക്കാന്‍ പാടുള്ളൂ എന്നും ,ഒരു അപേക്ഷയില്‍ 250 വാക്കുകളില്‍ കൂടാന്‍ പാടില്ല എന്നും പറയുന്നു. ഇപ്പോള്‍ ഒരു അപേക്ഷയില്‍ എത്ര ആയിരം ചോദ്യം വേണമെങ്കിലും ചോദിക്കാം.നിയമം ദുരുപയോഗം ചെയ്യുന്നവര്‍ ആയിരക്കണക്കിനു ചോദ്യങ്ങ ചോദിച്ച് സര്‍ക്കാര്‍ ഓഫീസുകളുടെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ തന്നെ തടസ്സപ്പെടുത്തുന്ന പ്രവണതയുണ്ട്. ഇതിനു തടയിടേണ്ടത് ആവശ്യം തന്നെ. അതുകൊണ്ടു ചോദ്യങ്ങളുടെ എണ്ണം അഞ്ചോ പത്തോ ആയി നിജപ്പെടുത്താം. പക്ഷേ ഒരു അപേക്ഷയില്‍ ഒരു വിഷയം മാത്രമേ പാടുള്ളുവെന്ന് നിഷ്കര്‍ഷിച്ചാല്‍ അത് വിവരങ്ങള്‍ നിഷേധിക്കപ്പെടുന്നതിനു ഇടയാക്കും.സര്‍ക്കാരിന്റെ പ്രവര്‍ത്തനം എണ്ണമറ്റ വകുപ്പുകളും സ്ഥാപനങ്ങളുമയി ബന്ധപ്പെട്ടതാകയാലും,ഒന്നിലധികം വിഭാഗങ്ങളിലൂടെ കടന്നു പോകുന്നതാണു സാധാരണ ഫയലുകള്‍ പോലും എന്നതിനാലും ഈ ചട്ടം ഒട്ടും പ്രായോഗികമല്ല. ഏതു വിധേനയും നിയമത്തെ ദുര്‍ബലപ്പെടുത്തുവാന്‍ സത്യപ്രതിജ്ഞയെടുത്തിരിക്കുന്ന അഴിമതിവീരരായ ഉദ്യോഗസ്ഥര്‍ ഈ ചട്ടമുപയോഗിച്ച് നിയമത്തെ കുഴിച്ച്മൂടുക തന്നെ ചെയ്യും.

അതിനെക്കാള്‍ പ്രതിലോമകരമാണു, വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഉണ്ടാകുന്ന ചെലവു കൂടി അപേക്ഷകരില്‍ നിന്ന് ഈടാക്കണമെന്ന നിര്‍ദ്ദേശം. വിവരാവകാശ നിയപ്രകാരം നല്‍കിയ അപേക്ഷക്ക് ഉത്തരം നല്‍കാന്‍ ഫയലുകള്‍ തിരഞ്ഞതിനു ഗുമസ്ഥനും പ്യൂണിനും ഓവര്‍ടൈം നല്‍കിയ വകയിലും അന്നേദിവസം അവര്‍ക്ക് ചായയും കാപ്പിയും ഊണും മറ്റും നല്‍കിയ വകയിലും, ഓഫീസ് അധികസമയം പ്രവര്‍ത്തിപ്പിച്ചതുമൂലം അധിക വൈദ്യുതി ചെലവായ വകയിലുമൊക്കെ വലിയൊരു ബില്‍ തുക എഴുതി അത് അപേക്ഷകരില്‍ നിന്ന് വസൂലാക്കാന്‍ ഇനി എന്തെളുപ്പം! വിവരം തിരക്കുന്ന ഓഫിസിന്റെ നിലവാരം കൂടുന്നതനുസരിച്ച് ഇനി വിവരം കിട്ടാനുള്ള ബില്ലിന്റെ സ്റ്റാറ്റസും ഉയരും. കേന്ദ്ര -സംസ്ഥാന സെക്രട്ടേറിയറ്റുകളിലും പാര്‍ലമെന്റില്‍ നിന്നും, നമ്മുടെ എം. എല്‍ എയും എം. പിയും എത്ര രൂപ യാത്രപ്പടി വാങ്ങിയെന്നോ, കഴിഞ്ഞ വര്‍ഷം എത്രപ്രാവശ്യം വാ തുറന്നുവെന്നോ ചോദിച്ച് വിവരാവകാശ നിയമപ്രകാരം ഒരു അപേക്ഷ നല്‍കിയാല്‍ ഇനി എന്തുണ്ടാകും? കൊടി വെച്ച ഉന്നത് ഉദ്യോഗസ്ഥരുടെ പക്കലുള്ളതാണു ഈ വിവരങ്ങള്‍. അവര്‍ക്ക് കൃത്യാന്തരബാഹുല്യം കാരണം അവധി ദിവസങ്ങലില്‍ പറന്ന് വന്ന് വിവരങ്ങള്‍ തെരഞ്ഞുപിടിച്ച് നല്‍കേണ്ടിവരും.അതിനുള്ള വിമാനക്കൂലി കൂടി, ബത്ത, സ്പെഷ്യല്‍ പേ തുടങ്ങിയവയടക്കം, വിലപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കാന്‍ ചെലവായ തുക ചിലപ്പോള്‍ ലക്ഷങ്ങള്‍ വന്നേക്കാം. അതിന്റെ ബില്‍ കണക്കു കൂട്ടി മുന്‍‌കൂര്‍ പണം അടക്കാനുള്ള ഇണ്ടാസായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുക!

വിവരാവകാശ നിയമത്തെ എങ്ങനെയും കെട്ടുകെട്ടിക്കണമെന്നു തീരുമനിച്ചുറപ്പിച്ചവരുടെ ദുഷ്ടബുദ്ധി, ഈ കരട് തയ്യാറാക്കുന്നതില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതിനു മറ്റൊരു ദൃഷ്ടാന്തം കൂടിയുണ്ട്. അപേക്ഷകന്‍ മരിച്ചാല്‍ അപേക്ഷയിന്മേല്‍ തുടര്‍നടപടി വേണ്ടെന്ന നിര്‍ദ്ദേശമാണത്. ഇപ്പോള്‍ത്തന്നെ പത്തോളം വിവരാവകാശപ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. അവരെ സംരക്ഷിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിനു മുന്‍‌കൈയെടുത്ത സര്‍ക്കാര്‍ തന്നെ ഇത്തരമൊരു വ്യവസ്ഥ നിയമത്തിന്റെ ചട്ടത്തില്‍ തിരുകികയറ്റുന്നതിന്റെ യുക്തി മനസിലാകുന്നില്ല.അപകടകരമായ വിവരങ്ങള്‍ തിരക്കി അപേക്ഷ നല്‍കുന്ന വിവരാവകാശ ആക്ടിവിസ്റ്റുകളെ കൈകാര്യം ചെയ്യാന്‍ ഇനി എന്തെളുപ്പം; ആളെ തീര്‍ത്തേക്കുക. അധോലോകത്തെ ഇതില്‍പ്പരം സന്തോഷിപ്പിക്കുവതെന്ത്?

അപ്പീലുകളിന്മേല്‍ പ്രാഥമിക വാദം കേട്ട് മാത്രമേ അവ സ്വീകരിക്കേണ്ടതുള്ളുവെന്നതാണു മറ്റൊരു നിര്‍ദ്ദേശം. അത് ഇനിയും കാലതാമസമുണ്ടാക്കുന്ന പ്രക്രിയയാക്കും. വിവരാവകാശ നിയമം സാധാരണക്കാരുടെ കൈയ്യില്‍ നിന്ന് വക്കീലന്മാരുടെ കൈകളിലേക്ക് പോകും. ഉപഭോക്തൃസംരക്ഷണ നിയമം കാലക്രമത്തില്‍ വക്കീലന്മാര്‍ക്ക് പുതിയ തൊഴില്‍ സാദ്ധ്യതകള്‍ തുറന്നു നല്‍കിയതു പോലെ വിവരാവകാശ നിയമവും അവര്‍ക്കൊരു വരുമാനമാര്‍ഗ്ഗമാകും.വിവരാവകാശ നിയമത്തെ ഇല്ലാതാക്കാനുള്ള,തികച്ചും ദുഷ്ടലാക്കോടെയുള്ള, ഒട്ടും സദുദ്ദേശ്യപരമല്ലാത്ത നീക്കമാണു ഈ ചട്ടഭേദഗതിയിലുള്ളത്. ഇത് ജനാധിപത്യത്തിന്റേയും സുതാര്യതയുടേയും അന്തകരെ മാത്രമേ സന്തോഷിപ്പിക്കുകയുള്ളൂ.

അരുത് കാട്ടാളരേ,വിവരാവകാശ നിയമത്തെ കൊല്ലരുത്...

(ബ്ലോഗര്‍ ഡി. പ്രദീപ് കുമാറിനോടു കടപ്പാട്)


ഭരിക്കപ്പെടുന്ന ജനത്തോട് സമാധാനം പറയാന്‍ ബാധ്യതപ്പെട്ടതും, പൊതുസ്ഥാപനങ്ങളിലെ അഴിമതി തടയാനും സുതാര്യത ഉറപ്പുവരുത്താനും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ് വിവരാവകാശ നിയമം - 2005”

ഈ നിയമം എങ്ങനെ പ്രവര്‍ത്തിക്കുന്നു

കോടതികള്‍, കമ്മീഷനുകള്‍, ട്രിബ്യൂണലുകള്‍ തുടങ്ങിയവ പോലെ പ്രത്യക്ഷത്തില്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ നിയമത്തിനോ ഇതിലെ ഉത്തരവാദപ്പെട്ട സ്ഥാപനത്തിനോ കഴിയുകയില്ല. എന്നാല്‍ നിയമപരമായ ചുമതലകള്‍ ചെയ്യേണ്ട ഉദ്യോഗസ്ഥരെക്കൊണ്ട് ആ ചുമതല നിര്‍വ്വഹിപ്പിക്കലാണ് ഈ നിയമം കൊണ്ട് സാധിക്കുന്നത്.

വിവരാവകാശ നിയമപ്രകാരം കേരളത്തില്‍ ഇതുവരെ ശിക്ഷിക്കപ്പെട്ടവര്‍

ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി, തദ്ദേശ വകുപ്പ് ജോയിന്റ് സെക്രട്ടറി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, ഡി. എം. ഒ., വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, തഹസില്‍‌ദാര്‍, ഡി. ഇ. ഒ. മാര്‍ (4), വില്ലേജ് ഓഫീസര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ (20) തുടങ്ങി 81 പേരാണ് പിഴശിക്ഷക്ക് വിധേയരായത്. വകുപ്പുതല നടപടികള്‍ക്ക് വിധേയരായത് എട്ടു പേരാണ്. അപേക്ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി ശിക്ഷിക്കപ്പെട്ടത് നാലു പേരാണ്.