ഇന്നലത്തെ (13/3/12) പത്രങ്ങളിൽ മലപ്പുറം പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ വനിതാ വൈസ് പ്രസിഡന്റിന്റെ രാജിവാർത്ത ഉണ്ടായിരുന്നല്ലോ. ഇതിൽ മാധ്യമത്തിൽ എസ്.ഡി.പി.ഐ. പ്രവർത്തകനായ നവാസിന്റെ പേരും പരാമർശിച്ചുകണ്ടു. അതുകൊണ്ടുതന്നെ നവാസ് എന്ന ആ വ്യക്തിയുടെ വിശദീകരണവും ആവശ്യമാണെന്നു തോന്നി. അതാണ് ചുവടെ രേഖപ്പെടുത്തിയിരിക്കുന്നത്.

ഞാൻ നവാസ്.
പൂക്കോട്ടൂർ പഞ്ചായത്തിലെ വിവരാവകാശക്കൂട്ടായ്മയിലെ പ്രവർത്തകനാണ്. കേരളാ ലീഗൽ സർവ്വീസ് അതോറിറ്റിയിൽ പാരാ ലീഗൽ വോളന്റിയറുമാണ്. എസ്.ഡി.പി.ഐ പൂക്കോട്ടൂർ ഘടകത്തിലും പ്രവർത്തിക്കുന്നു.

പഞ്ചായത്തിലും മറ്റു സർക്കാർ സ്ഥാപനങ്ങളിലും ഏതെങ്കിലും തരത്തിൽ ക്രമക്കേടുകൾ നടക്കുന്നെന്നു ബോധ്യപ്പെടുമ്പോൾ അതിനെക്കുറിച്ചുള്ള രേഖകൾ സംഘടിപ്പിച്ച് അനന്തരനടപടികൾക്കായി ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നു. പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്റായിരുന്ന വെട്ടശ്ശേരി മറിയുമ്മയുമായി വളരെ നല്ല ബന്ധം സൂക്ഷിച്ചുവരികയും പഞ്ചായത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അവരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ചു വരികയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ അവരെ വിശ്വാസവുമായിരുന്നു.

ഒരു ദിവസം രാവിലെ ഏഴുമണിയോടെ പൂക്കോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെട്ടശ്ശേരി മറിയുമ്മ എന്നെ ഫോണിൽ വിളിച്ച് പൂക്കോട്ടൂർ പഞ്ചായത്തിലെ നാലാം വാർഡിലെ മെമ്പറായ റസിയയുടെ പ്രായപൂർത്തിയാവാത്ത മകളുടെ വിവാഹം നിശ്ചയിച്ചിട്ടുണ്ടെന്നും ഒരു ജനപ്രതിനിധിതന്നെ ഇങ്ങനെ നിയമ ലംഘനം നടത്തുന്നതു ശരിയല്ലെന്നും അതുകൊണ്ടുതന്നെ അതു തടയണമെന്നും ആവശ്യപ്പെട്ടു. ഇതിനുവേണ്ടി പത്രങ്ങളിൽ വാർത്ത കൊടുക്കണമെന്നും എന്നോട് ആവശ്യപ്പെട്ടു. മുസ്ലീംലീഗിന്റേതന്നെ പ്രതിനിധിയാണ് പ്രസ്തുത മെമ്പറെന്നും ആയതിനാൽ ലീഗു നേതൃത്വത്തിന് ഇടപെടാൻ ബുദ്ധിമുട്ടായതിനാൽ സാമൂഹ്യ പ്രവർത്തകനായ എന്നെ ആ ദൗത്യം ഏൽപ്പിയ്ക്കുകയാണെന്നും അവർ പറഞ്ഞു. റസിയയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ചു ചോദിച്ചപ്പോൾ സാമ്പത്തികമായി കുഴപ്പമില്ലെന്നും പ്രത്യേക നിർദ്ദേശമുണ്ടായിട്ടും ലീഗു നേതൃത്വത്തെ വെല്ലുവിളിച്ചാണ് അവർ ഈ വിവാഹത്തിന് തയ്യാറെടുക്കുന്നതെന്നും അതുകൊണ്ടാണ് എന്നെ ഇതു കൈകാര്യം ചെയ്യാൻ ഏൽപ്പിയ്ക്കുന്നതെന്നും പറഞ്ഞു. മറിയുമ്മയെ അറിയാമായിരുന്നതിനാലും അവരെ വിശ്വാസമുണ്ടായിരുന്നതിനാലും എനിക്ക് സംശയം തോന്നിയില്ല.

ഇതുമായി ബന്ധപ്പെട്ട നിയമ ഉപദേശങ്ങൾ റയിൽവേയിൽനിന്നു വിരമിച്ച ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ടും എന്റെ സുഹൃത്തുമായ ഷെരീഫ് കൊട്ടാരക്കരയുമായി ബന്ധപ്പെട്ട് മറിയുമ്മയ്ക്ക് കോൾ കോൺഫറൻസിൽ നൽകിയിരുന്നു. പിറ്റേന്നു രാവിലേ റസിയയുടെ സാമ്പത്തിക അവസ്ഥയെപ്പറ്റി അന്വേഷിയ്ക്കാൻ ഞാനും എന്റെ സഹ രാഷ്ട്രീയപ്രവർത്തകരും നേരിട്ട് റസിയയുടെ വീട്ടിൽ പോകുകയും മറിയുമ്മ പറഞ്ഞ റസിയയുടെ സാമ്പത്തികാവസ്ഥ ശരിയല്ലെന്നു ബോധ്യപ്പെടുകയും ചെയ്തു. സാമ്പത്തികമായി ഒന്നുമില്ലാതിരുന്ന റസിയയുടെ നാലു പെണ്മക്കളിൽ മൂത്തയാളുടെ വിവാഹം തടസ്സപ്പെടുത്താനാണ് എന്നെ ഏൽപ്പിച്ചതെന്ന് ഞാനറിഞ്ഞു. ഞങ്ങൾപറഞ്ഞാണ് റസിയക്കെതിരേ മറിയുമ്മ കരുക്കൾ നീക്കുന്നവിവരം റസിയ ആദ്യമായി അറിയുന്നത്.

റസിയയുമായി ഏതോതരത്തിൽ മുൻവൈരാഗ്യമുള്ളതിനെ എതിർത്തു പകരം വീട്ടാൻ എന്നെ ഉപയോഗിച്ചാൽ ഒരു സാധു പെൺകുട്ടിയുടെ വിവാഹം തടസ്സപ്പെടുത്തി എന്ന കാരണത്താൽ നാട്ടുകാർ എന്നെ അപായപ്പെടുത്തുമെന്നും തൽഫലമായി പഞ്ചായത്തിലെ എന്റെ ഇടപെടൽകൂടി ഇല്ലാതായിക്കൊള്ളുമെന്നും മറിയുമ്മ മനസ്സിലാക്കിയാണ് എന്നെ പ്രസ്തുത ദൗത്യം ഏൽപ്പിച്ചതെന്ന് എനിക്കു ബോധ്യപ്പെട്ടു. അതിനു ശേഷം മറിയുമ്മയുമായി നടത്തിയ ടെലിഫോൺ സംഭാഷണം ഞാൻ റിക്കോർഡ് ചെയ്യുകയും ലീഗിലേതെന്നെ പ്രതിനിധികളെ ഏൽപ്പിക്കുകയിമായിരുന്നു. മറ്റു രാഷ്ട്രീയ കക്ഷികളോ ഞാൻ പ്രവർത്തിക്കുന്ന പാർട്ടിയോ ഈ വിഷയം കൈകാര്യം ചെയ്താൽ അതു കൂടുതൽ പ്രശ്നമാകുമെന്നു കരുതിയാണ് മുസ്ലീംലീഗിലെ പ്രതിനിധികൾക്കുതന്നെ വിവരങ്ങൾ കൈമാറിയത്. പ്രസ്തുത പ്രതിനിധികൾക്ക് മറിയുമ്മയുമായി ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങളുള്ളതായി എനിക്ക് അറിവില്ലായിരുന്നു. ഞാനറിയുന്ന പ്രതിധികളെന്ന നിലക്കുമാത്രമാണ് അവർക്ക് വിവരങ്ങൾ കൈമാറിയത്. അല്ലാതെ ഒരു ഗൂഢലക്ഷ്യവും ഇതിനു പിന്നിലില്ല.

ആസൂത്രിതമായി എന്നെക്കുടുക്കാൻ ഭരണസമിതിയും വൈസ്പ്രസിഡന്റും ചേർന്ന് നടത്തിയ ഗൂഢാലോചനയിൽ നിന്ന് രക്ഷപ്പെടാനും മറ്റാരെയെങ്കിലും ഏൽപ്പിച്ച് വിവാഹം തടസ്സം സൃഷ്ടിച്ചാൽ അത് എന്റെ മേൽ കെട്ടി വയ്ക്കുന്നത് ഒഴിവാക്കാനും വേണ്ടിമാത്രമാണ് ഞാൻ ഫോൺ റിക്കോർഡ് ചെയ്തത്. ആയതിനാൽ വെട്ടശ്ശേരി മറിയുമ്മ പൂക്കോട്ടൂർ പഞ്ചായത്ത് വൈസ്പ്രസിഡന്റുസ്ഥാനവും പാർട്ടി അംഗത്വവും രാജിവയ്ക്കാനിടയായതിൽ അവർക്കും മുസ്ലീംലീഗിനും മാത്രമാണു പങ്കെന്നും എനിക്കോ എന്റെ പാർട്ടിക്കോ ഇതുമായി യാതൊരു ഉത്തരവാദിത്വവുമില്ലെന്നും അറിയിക്കുന്നു.

വിശ്വസ്ഥതയോടെ,

നവാസ് എസ്
അറവങ്കര, പൂക്കോട്ടൂർ പി.ഒ.


ഭരിക്കപ്പെടുന്ന ജനത്തോട് സമാധാനം പറയാന്‍ ബാധ്യതപ്പെട്ടതും, പൊതുസ്ഥാപനങ്ങളിലെ അഴിമതി തടയാനും സുതാര്യത ഉറപ്പുവരുത്താനും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ് വിവരാവകാശ നിയമം - 2005”

ഈ നിയമം എങ്ങനെ പ്രവര്‍ത്തിക്കുന്നു

കോടതികള്‍, കമ്മീഷനുകള്‍, ട്രിബ്യൂണലുകള്‍ തുടങ്ങിയവ പോലെ പ്രത്യക്ഷത്തില്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ നിയമത്തിനോ ഇതിലെ ഉത്തരവാദപ്പെട്ട സ്ഥാപനത്തിനോ കഴിയുകയില്ല. എന്നാല്‍ നിയമപരമായ ചുമതലകള്‍ ചെയ്യേണ്ട ഉദ്യോഗസ്ഥരെക്കൊണ്ട് ആ ചുമതല നിര്‍വ്വഹിപ്പിക്കലാണ് ഈ നിയമം കൊണ്ട് സാധിക്കുന്നത്.

വിവരാവകാശ നിയമപ്രകാരം കേരളത്തില്‍ ഇതുവരെ ശിക്ഷിക്കപ്പെട്ടവര്‍

ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി, തദ്ദേശ വകുപ്പ് ജോയിന്റ് സെക്രട്ടറി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, ഡി. എം. ഒ., വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, തഹസില്‍‌ദാര്‍, ഡി. ഇ. ഒ. മാര്‍ (4), വില്ലേജ് ഓഫീസര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ (20) തുടങ്ങി 81 പേരാണ് പിഴശിക്ഷക്ക് വിധേയരായത്. വകുപ്പുതല നടപടികള്‍ക്ക് വിധേയരായത് എട്ടു പേരാണ്. അപേക്ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി ശിക്ഷിക്കപ്പെട്ടത് നാലു പേരാണ്.