വിവരാവകാശം വെറും വിവരങ്ങള്‍ നേടാന്‍ മാത്രമുള്ളതല്ല. റേഷന്‍, ഗ്യാസ്, വെള്ളം, കറന്റ്, ആശുപത്രി, യൂണിവേഴ്സിറ്റി, പോലീസ് സ്റ്റേഷന്‍ തുടങ്ങി സെക്രട്ടറിയേറ്റ് വരെ നീണ്ടു കിടക്കുന്ന നൂറുകണക്കിന് സ്ഥാപനങ്ങളില്‍ നിന്നും പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങള്‍ സ്വയം പരിഹരിക്കുന്നതിനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗം കൂടിയാണ്. ഈ നിയമത്തെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് സാധാരണക്കാരനെ സഹായിക്കുന്നതിനുള്ളതാണ് ഈ കൂട്ടായ്മ.

* നിങ്ങള്‍ക്ക് ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും ന്യായമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ടോ ?


* കൈക്കൂലി ലഭിക്കാത്തതിന്റെ പേരില്‍ സര്‍ക്കരുമായി ബന്ധപ്പെട്ടവര്‍ ചെയ്യേണ്ടത് ചെയ്യാതിരിക്കുകയോ, നിയമവും വ്യവസ്ഥയും പറഞ്ഞു ഭീഷണിപ്പെടുത്തി ബുദ്ധിമുട്ടിക്കുകയോ ചെയ്യുന്നുണ്ടോ ?


* നിങ്ങള്‍ സര്‍ക്കാരിന്റെ ഏതെങ്കിലും ഒരു ഓഫീസിലേക്ക് നല്‍കിയ ഒരു സങ്കട ഹര്‍ജിയിലോ നിവേദനത്തിലോ യാതൊരു നടപടിയും സ്വീകരിക്കാതെ കിടക്കുന്നുണ്ടോ ?


* ഏതെങ്കിലും തെറ്റായ നടപടിക്കെതിരേ അല്ലെങ്കില്‍ അതിന് ഉത്തരവാദികളായവര്‍ക്കെതിരേ പരാതി ചെയ്യേണ്ടിടത്ത് പരാതി നല്‍കിയിട്ട് ഒരു അനക്കവും ഇല്ലാതിരിക്കുന്നുണ്ടോ ?


* ഏതെങ്കിലും പൊതു സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ സ്വന്തം ചുമതലകള്‍ നിര്‍വ്വഹിക്കാത്തതു കൊണ്ട് നിങ്ങള്‍ക്കോ സമൂഹത്തിനോ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ടോ ?


* നിങ്ങളുടെ നികുതിപ്പണമായ സര്‍ക്കാര്‍‌ഫണ്ട് ധൂര്‍ത്തടിക്കുന്നതു കണ്ടിട്ട് ഒന്നും ചെയ്യാന്‍ കഴിയാത്ത ഒരു അവസ്ഥ നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ ?


നിങ്ങള്‍ക്കും ഈ നിയമത്തിന്റെ സഹായം പ്രയോജനപ്പെടുത്താം. കൂടുതല്‍ സഹായത്തിന് ഏറ്റവുമടുത്തുള്ള വിവരാവകാശ കൂട്ടായ്മയുമായോ പ്രവര്‍ത്തകരുമായോ ബന്ധപ്പെടുക.


ഭരിക്കപ്പെടുന്ന ജനത്തോട് സമാധാനം പറയാന്‍ ബാധ്യതപ്പെട്ടതും, പൊതുസ്ഥാപനങ്ങളിലെ അഴിമതി തടയാനും സുതാര്യത ഉറപ്പുവരുത്താനും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ് വിവരാവകാശ നിയമം - 2005”

ഈ നിയമം എങ്ങനെ പ്രവര്‍ത്തിക്കുന്നു

കോടതികള്‍, കമ്മീഷനുകള്‍, ട്രിബ്യൂണലുകള്‍ തുടങ്ങിയവ പോലെ പ്രത്യക്ഷത്തില്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ നിയമത്തിനോ ഇതിലെ ഉത്തരവാദപ്പെട്ട സ്ഥാപനത്തിനോ കഴിയുകയില്ല. എന്നാല്‍ നിയമപരമായ ചുമതലകള്‍ ചെയ്യേണ്ട ഉദ്യോഗസ്ഥരെക്കൊണ്ട് ആ ചുമതല നിര്‍വ്വഹിപ്പിക്കലാണ് ഈ നിയമം കൊണ്ട് സാധിക്കുന്നത്.

വിവരാവകാശ നിയമപ്രകാരം കേരളത്തില്‍ ഇതുവരെ ശിക്ഷിക്കപ്പെട്ടവര്‍

ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി, തദ്ദേശ വകുപ്പ് ജോയിന്റ് സെക്രട്ടറി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, ഡി. എം. ഒ., വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, തഹസില്‍‌ദാര്‍, ഡി. ഇ. ഒ. മാര്‍ (4), വില്ലേജ് ഓഫീസര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ (20) തുടങ്ങി 81 പേരാണ് പിഴശിക്ഷക്ക് വിധേയരായത്. വകുപ്പുതല നടപടികള്‍ക്ക് വിധേയരായത് എട്ടു പേരാണ്. അപേക്ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി ശിക്ഷിക്കപ്പെട്ടത് നാലു പേരാണ്.