എല്ലാ മുറിവേറ്റവരെയും പ്രത്യേകിച്ച് റോഡപകടം,ആക്രമണം എന്നിവക്ക് വിധേയരായവരെ ആശുപത്രിയിലെത്തിച്ചാല്‍ പ്രാഥമിക ശുശ്രൂഷ നല്‍കി മെച്ചപ്പെട്ട ചികിത്സ വേണ്ടിടത്തേക്ക് എത്തിക്കുന്നതു വരെയുള്ള ചുമതല ആശുപത്രികളില്‍ നിക്ഷിപ്തമാണെന്ന് SLP (C) 796/92ല്‍ സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നു.

കേരളാ പോലീസ് ഡയറക്ടര്‍ ജനറല്‍ 06/2009 ആ‍യി ഇറക്കിയ സര്‍ക്കുലര്‍

തിരുവനന്തപുരം
തിയതി 25-01-2009

വിഷയം : റോഡപകടങ്ങളില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവരെ കേസില്‍ സാക്ഷിയാക്കുന്നതു സംബന്ധിച്ച്

റോഡപകടങ്ങളില്‍ പരിക്കേറ്റവരെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു പൌരധര്‍മ്മമാണ്. അങ്ങനെ ചെയ്യുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന അത്തരം ഒരാള്‍ക്ക് പോലീസില്‍ നിന്ന് യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാകാന്‍ പാടുള്ളതല്ല. റോഡപകടങ്ങളില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ കൊണ്ടുപോക്കുന്ന ആരെയും ആ കാരണം‌കൊണ്ടു മാത്രം പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുവാന്‍ പാടുള്ളതല്ല. അവരില്‍നിന്ന് എന്തെങ്കിലും വിവരം അറിയണമെങ്കില്‍ അവരുടെ സൌകര്യമറിഞ്ഞ ശെഷം അവരുടെ വീട്ടിലോ അവര്‍ക്ക് സൌകര്യമുണ്ട് എന്നുപറയുന്ന മറ്റേതെങ്കിലും സ്ഥലത്തോ പോയി പോലീസ് അവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കണം.

റോഡപകടങ്ങളില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച ആളുകളെ അവര്‍ കേസിന് ആസ്പദമായ സംഭവത്തിന് നേരിട്ട് ദൃക്‌സാക്ഷിയല്ലെങ്കില്‍ കേസില്‍ വിസ്തരിക്കേണ്ട സാക്ഷികളുടെ പട്ടികയില്‍ സാധാരണ ഗതിയില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. നേരത്തേ നടന്ന അപകടം മൂലം വഴിയില്‍ പരിക്കേറ്റു ക്കിടന്നയാളെ ആശുപത്രിയില്‍ കൊണ്ടുപോയി എന്ന ഒറ്റ കാരണത്താല്‍ ആരും അപകടത്തിനു ദൃക്‌സാക്ഷിയാകുന്നില്ല. ഏതെങ്കിലും കേസില്‍ ഏതെങ്കിലും പ്രത്യേക സാഹചര്യം മൂലം ആശുപത്രിയില്‍ കൊണ്ടുപോയ കാര്യം തെളിയിക്കാന്‍ വേണ്ടി ഒരാളെ സാക്ഷിയാക്കണമെന്നുണ്ടെങ്കില്‍ അയാളെ സാക്ഷിപ്പറ്റികയില്‍ ചേര്‍ക്കുന്നതിനു മുമ്പ് ഒന്നുകില്‍ പ്രോസിക്യൂട്ടറുമായോ അല്ലെങ്കില്‍ ജില്ലാ പോലീസ് സൂപ്രണ്ടുമായോ ആലോചിച്ച് അഭിപ്രായം അരിഞ്ഞതിനു ശേഷമേ അങ്ങനെ ചെയ്യാവൂ.

കേരളാ പോലീസ് ഡയറക്ടര്‍ ജനറല്‍


മുറിവേറ്റവരെ ആശുപത്രിയിലെത്തിക്കുന്ന നന്മയുള്ള മനുഷ്യര്‍ ഹോസ്പിറ്റല്‍, പോലീസ് നടപടികള്‍ എന്നിവയുടെ പേരില്‍ ഇനിമുതല്‍ ഉപദ്രവിക്കപ്പെടില്ലെന്നു പ്രത്യാശിക്കാം.


ഭരിക്കപ്പെടുന്ന ജനത്തോട് സമാധാനം പറയാന്‍ ബാധ്യതപ്പെട്ടതും, പൊതുസ്ഥാപനങ്ങളിലെ അഴിമതി തടയാനും സുതാര്യത ഉറപ്പുവരുത്താനും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ് വിവരാവകാശ നിയമം - 2005”

ഈ നിയമം എങ്ങനെ പ്രവര്‍ത്തിക്കുന്നു

കോടതികള്‍, കമ്മീഷനുകള്‍, ട്രിബ്യൂണലുകള്‍ തുടങ്ങിയവ പോലെ പ്രത്യക്ഷത്തില്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ നിയമത്തിനോ ഇതിലെ ഉത്തരവാദപ്പെട്ട സ്ഥാപനത്തിനോ കഴിയുകയില്ല. എന്നാല്‍ നിയമപരമായ ചുമതലകള്‍ ചെയ്യേണ്ട ഉദ്യോഗസ്ഥരെക്കൊണ്ട് ആ ചുമതല നിര്‍വ്വഹിപ്പിക്കലാണ് ഈ നിയമം കൊണ്ട് സാധിക്കുന്നത്.

വിവരാവകാശ നിയമപ്രകാരം കേരളത്തില്‍ ഇതുവരെ ശിക്ഷിക്കപ്പെട്ടവര്‍

ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറി, തദ്ദേശ വകുപ്പ് ജോയിന്റ് സെക്രട്ടറി, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍, മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, ഡി. എം. ഒ., വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, തഹസില്‍‌ദാര്‍, ഡി. ഇ. ഒ. മാര്‍ (4), വില്ലേജ് ഓഫീസര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ (20) തുടങ്ങി 81 പേരാണ് പിഴശിക്ഷക്ക് വിധേയരായത്. വകുപ്പുതല നടപടികള്‍ക്ക് വിധേയരായത് എട്ടു പേരാണ്. അപേക്ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി ശിക്ഷിക്കപ്പെട്ടത് നാലു പേരാണ്.